Banner Ads

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി എന്ന്? പ്രഖ്യാപനം ഈ മാസം 28ലേക്ക് മാറ്റി സിബിഐ കോടതി

കൊച്ചി : കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കുന്നത് കൊച്ചി സിബിഐ പ്രത്യേക കോടതി മാറ്റിവച്ചു. കേസ് ഈ മാസം 28ന് കോടതി വീണ്ടും പരിഗണിക്കും. 2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം.

സിപിഎം നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് തളിപ്പറമ്പിന് സമീപം ചുള്ളിയോട് വയലിൽ വെച്ച് അരിയിൽ ഷുക്കൂറിനെ തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ആകെ 33 പ്രതികളും 82 സാക്ഷികളുമാണ് കേസിലുള്ളത്.

രണ്ട് പ്രതികൾ ഇതിനോടകം മരിച്ചു. സിപിഎം നേതാക്കളായ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമാണ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

പ്രതികളുടെ ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവുകളായി സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. ഷുക്കൂറിന്റെ മാതാവ് പി കെ ആത്തിക്ക നൽകിയ ഹർജിയിലുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ അന്വേഷിച്ചത്.