
കൊച്ചി : വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തി വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതി പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷിനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കോട്ടുവള്ളികാവ് ക്ഷേത്രദർശനം കഴിഞ്ഞ് മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 68കാരി ലതികയുടെ മാലയാണ് ആൾതിരക്കില്ലാത്ത ഭാഗത്തുവെച്ച് ഇയാൾ പൊട്ടിച്ചെടുത്തത്. പേടിച്ചുപോയ വയോധിക പള്ളുരുത്തിയിലെ വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും നേരത്തെ സ്നാച്ചിങ് കേസുകളിൽപ്പെട്ട് ജയിലിൽ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചേരാനെല്ലൂരിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. ഹിൽ പാലസ്, കാലടി, മുളന്തുരുത്തി, പറവൂർ, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിലും ഇയാൾ സമാനമായ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചൂതാട്ടത്തിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
മോഷണം നടത്തിയ സ്വർണ്ണമാല പറവൂരിലെ ധനകാര്യ സ്ഥാപനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചനിലയിൽ പോലീസ് കണ്ടെടുത്തു. വരാപ്പുഴ എസ്എച്ച്ഓ സുനെഖ് ജെയിംസ്, സബ് ഇൻസ്പെക്ടർമാരായ വന്ദന കൃഷ്ണൻ, ദേവരാജ്, എഎസ്ഐമാരായ ജെനീഷ്, അജയകുമാർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.