
കൊച്ചി: മാസപ്പടി കേസിൽ എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് തന്നെയാകും തിങ്കളാഴ്ചയും ഹർജിയിൽ വാദം കേൾക്കുക.
കേസിലെ വിജിലൻസ് അന്വേഷണം സുപ്രീം കോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടെന്ന കാര്യം ഹർജിക്കാരുടെ അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, “ഇനിയും സമയമുണ്ടല്ലോ” എന്ന് നിരീക്ഷിച്ചാണ് കോടതി കേസ് മാറ്റിവെച്ചത്.മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി കേൾക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.