Banner Ads

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കനത്തതിനെ തുടർന്ന് ശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥയും സാങ്കേതിക തടസ്സങ്ങളും കാരണമായി മഹാത്മാഗാന്ധി സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എന്നാൽ കാലിക്കറ്റ് സർവകലാശാലയിലെ ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല.