
പാലക്കാട് : മരിച്ച വ്യക്തികളുടെ ക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് സംഭവം. സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനാണ് ക്രമക്കേട് നടത്തിയത്.
പതിനൊന്നാം വാർഡിലെ താമസക്കാരായിരുന്ന കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് ഇയാൾ തട്ടിയെടുത്തത്. കൃഷ്ണൻകുട്ടി പണിക്കർ ജൂലൈ ആദ്യവാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലുമാണ് മരണപ്പെട്ടത്. എന്നാൽ ഇരുവരുടെയും സെപ്റ്റംബർ മാസം വരെയുള്ള പെൻഷൻ തുക സത്യനാരായണൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റുകയായിരുന്നു.
തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതോടെ ഇയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട സത്യനാരായണനെതിരെ പോലീസ് കേസെടുക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.