Banner Ads

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 81 ഗ്രാമിലധികം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : വണ്ടൂരിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 81.733 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂർ സ്വദേശി മഹേഷ് കുമാർ (35), കാരാട് സ്വദേശി അരുൺ (24) എന്നിവരെയാണ് നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസ് സംഘം പിടികൂടിയത്.

വണ്ടൂർ കാരാട്ടെയുള്ള ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് കാറിലാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 5980 രൂപ, ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസ്, കടത്താൻ ഉപയോഗിച്ച കാർ എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെഎ അനീഷ്, സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെഎസ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.