Banner Ads

സി.പി.എമ്മിനുമായി കൂടുതൽ അകലുന്നു? പാർട്ടിയിൽ തിരികെയെത്തിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെ ബുദ്ധന്റെ കഥയുമായി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ: സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അകൽച്ചയും ശരിവെക്കുന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ പി.പി. ദിവ്യ. “ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം; മറുകരയിലെത്താൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല” എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് അവർ പങ്കുവെച്ചിരിക്കുന്നത്.

ദിവ്യയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരികെ കൊണ്ടുവരാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അടുത്തിടെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്ന ഈ പോസ്റ്റ് പുറത്തുവന്നിട്ടുള്ളത്.ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞ ഒരു കഥ ചൂണ്ടിക്കാട്ടിയാണ് ദിവ്യ തന്റെ ചിന്തകൾ പങ്കുവെച്ചത്. ആഴമേറിയ നദി കടക്കാൻ ഒരു ചങ്ങാടമുണ്ടാക്കി മറുകരയിലെത്തിയ ശേഷം, നന്ദിസൂചകമായി ആ ചങ്ങാടം തലയിലേറ്റിക്കൊണ്ട് വീണ്ടും യാത്ര തുടരുന്ന മനുഷ്യന്റെ കഥയാണ് പോസ്റ്റിലുള്ളത്.

“ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല, പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം. എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ്.” — പി.പി. ദിവ്യ (ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്)

“നീതി വൈകിയേക്കാം, പക്ഷേ സത്യത്തിന്റെ ശബ്ദം മാഞ്ഞുപോകില്ല”
ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളാണ് പങ്കുവെക്കുന്നതെന്നും, ഇതിൽ പലർക്കും പരിചിതമായ മുഖങ്ങളും സ്വന്തം ജീവിതത്തിന്റെ നിഴലുകളും കണ്ടേക്കാമെന്നും ദിവ്യ കുറിക്കുന്നു.

ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ടെന്നും ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യമുണ്ടെന്നും വ്യക്തമാക്കുന്ന കുറിപ്പ്, “Justice may be delayed, but the voice of truth will never fade” (നീതി വൈകിയേക്കാം, എന്നാൽ സത്യത്തിന്റെ ശബ്ദം ഒരിക്കലും മാഞ്ഞുപോകില്ല) എന്ന വരിയോടെയാണ് അവസാനിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതോടെ സി.പി.എമ്മുമായുള്ള ദിവ്യയുടെ ബന്ധം കൂടുതൽ വിയോജിപ്പിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്.