
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫിന്റെ പേര് നിർദേശിച്ചുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി.അതേസമയം, കേസിൽ പ്രതിയായ സുഹൈൽ സജീവ് എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.കേസിലെ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണസംഘം വയനാട് മടക്കിമലയിലെ വീട്ടിലെത്തി മരിച്ച ദേവികയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ദേവികയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം ശേഖരിച്ചു.
അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരുടെ കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.കേസ് അട്ടിമറിക്കപ്പെടുമോ എന്നതിലടക്കം ആശങ്ക അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതായി ദേവികയുടെ കുടുംബം പറഞ്ഞു. എന്നാൽ നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും പൂർണ്ണ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.