
തിരുവനന്തപുരം : പുരയിടത്തിൽ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
പരിക്കേറ്റ 19 പേരെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. നാല് പുരുഷന്മാരടക്കം 37 ഓളം തൊഴിലാളികൾ സ്ഥലത്ത് ജോലിയിലുണ്ടായിരുന്നു. ഉണങ്ങിയ വാഴയിലകൾ വെട്ടിമാറ്റുന്നതിനിടെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
ആക്രമണമുണ്ടായതോടെ മറ്റ് തൊഴിലാളികൾ ചിതറിയോടുകയായിരുന്നു. സമീപപ്രദേശത്ത് തേൻ ശേഖരണം നടക്കുന്നുണ്ടായിരുന്നെന്നും അവിടെ നിന്നാവാം തേനീച്ചകൾ എത്തിയതെന്നുമാണ് നാട്ടുകാർ കരുതുന്നത്. പനങ്ങോട് സ്വദേശികളായ മോഹനൻ നായർ (65), ജ്വല (59), ജലജ (55), വസന്ത (70), ചന്ദ്രൻ (69) എന്നിവർക്കാണ് സാരമായി കുത്തേറ്റത്.
കുത്തേറ്റ മറ്റ് തൊഴിലാളികളെയും ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി അറിയിച്ചു.