
തിരുവനന്തപുരം : കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്താണെന്ന് കണ്ടെത്തി പോലീസ് കേസെടുത്തു. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് അറസ്റ്റിലായ സ്പാ ഉടമ സജിത്താണെന്നാണ് വിവരം. ബെംഗളൂരുവിലുള്ള യുവതിയാണ് സജിത്തിനെ പെൺകുട്ടിയുടെ മാതൃ സഹോദരിയുമായി പരിചയപ്പെടുത്തിയത്.
തുടർന്ന് സജിത്തും ഈ യുവതിയും ചേർന്നാണ് കുടുംബത്തെ കോവളത്ത് എത്തിച്ചത്. അതേസമയം ചെന്നൈയിലേക്ക് കുട്ടിയെ കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃ സഹോദരിയുടെ മൊഴി. എങ്കിലും സിഡിആർ അടക്കമുള്ള തെളിവുകൾ പോലീസ് നിരത്തിയിട്ടുണ്ട്. മാതൃ സഹോദരിയും ഭർത്താവും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദക്ഷിണ മേഖലാ ഐജി ആർ നിശാന്തിനിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല. അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയെ നോക്കിയിരുന്നത് അമ്മയുടെ സഹോദരിയും ഭർത്താവുമായിരുന്നു.
കുട്ടിയെ കൈമാറിയ ഉടൻ ഇവർ ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്. പെൺകുട്ടി ഗുരുതരമായ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.