
തിരുവനന്തപുരം : കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന പെൺകുട്ടിയുടെ പീഡനക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലുള്ള ഗുഡുവാഞ്ചേരിയിലെ സ്പായിൽ വെച്ചും പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസിന്റെ വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തു. ഗുഡുവാഞ്ചേരിയിൽ നടന്ന സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേരള പോലീസ് തമിഴ്നാട് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കോവളത്തെ സ്പാ ഇയാളുടെ ബിനാമി ബിസിനസാണെന്ന സംശയത്തെ തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളും സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.