
ദില്ലി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11:15ന് സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടി നടക്കും.
പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കും. ഇതിനുപുറമെ വിവിധ യുവജന-വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കും. അതേസമയം ജന്തർ മന്തറിൽ നടന്ന മിന്നൽ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് തിരിച്ചടിയായി കോടതി ജാമ്യം തള്ളി.
രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് നീട്ടിയിരിക്കുകയാണ്. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് സിജെപിയുടെ തീരുമാനം.