
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) വീണാ ജോർജിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. എസ്.ഐ.ടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ പോലീസുദ്യോഗസ്ഥരുടെ മൊഴിയും എസ്.ഐ.ടി ഉടൻ രേഖപ്പെടുത്തും. പ്രതിഷേധക്കാർക്കെതിരെ ഇത്രയും ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന് പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്.കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സി.പി.എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
മാരകായുധങ്ങളുമായെത്തിയ കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ പരാതിയിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ഇവർ രണ്ടാഴ്ചയോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ കെ.എസ്.യു പ്രവർത്തകർ നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.