
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കർശന നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്ത്. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ ഔദ്യോഗിക സർക്കുലർ ആരോഗ്യവകുപ്പ് പുറത്തിറക്കി. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്.മരുന്ന് കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും എഴുതണമെന്ന് സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ ലാബ് പരിശോധനകൾക്കുള്ള റീഏജന്റുകളുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സമർപ്പിക്കണം.ആവശ്യത്തിന് റീഏജന്റുകൾ ലഭ്യമല്ലാത്ത പക്ഷം, ആശുപത്രി വികസന സമിതിയുടെ (HDS) ഫണ്ട് ഉപയോഗിച്ച് ഇവ അടിയന്തരമായി വാങ്ങുന്നതിന് അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് യാതൊരു തടസ്സവുമില്ലാതെ മികച്ച ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സമഗ്ര നടപടികൾ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.