
ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്താനിരുന്ന ലക്ഷക്കണക്കിന് രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റിയാസ്, കുമാരൻ എന്നിവരിൽ നിന്നായി ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകളാണ് ആദ്യം പിടികൂടിയത്.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉപ്പാർപേട്ട് പൊലീസ് നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കൂടി കണ്ടെടുത്തു. തുടർന്ന് മുഹമ്മദ് ഗുൽസാർ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഈ വ്യാജ സിഗരറ്റുകൾ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നോ എവിടെയാണ് നിർമ്മാണം എന്നോ ഉള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല.