Banner Ads

ആശുപത്രികളിലെ മരുന്ന് ക്ഷാമം വിനയായി: സർക്കുലറുമായി ആരോഗ്യവകുപ്പ്; ഡോക്ടർമാർ ജനറിക് പേരുകൾ എഴുതണമെന്ന് നിർദേശം

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ് സർക്കുലർ. ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒപി ഡോക്ടർമാർക്ക് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. മരുന്ന് കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ ഡോക്ടർമാർ നിർബന്ധമായും എഴുതണമെന്നും നിർദ്ദേശമുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കമാണ് സർക്കുലർ നൽകിയിരിക്കുന്നത്. കൂടാതെ ലാബ് പരിശോധനകൾക്ക് ആവശ്യമായ റീഏജന്റുകളുടെ ലഭ്യതയും ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണം.

ആശുപത്രികളിൽ റീഏജന്റുകൾ ലഭ്യമല്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് ഇവ വാങ്ങാമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.