
തിരുവനന്തപുരം : ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റാനും തീരുമാനമായിട്ടുണ്ട്. ബേക്കറികൾ വഴി വൈൻ വിൽപ്പന ആരംഭിച്ചതിൽ എക്സൈസ് മന്ത്രി എം ലിജു കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നയപരമായ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർക്കാരുമായി ആലോചിച്ചിരുന്നില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് കടുത്ത അതൃപ്തിയുണ്ടായിട്ടുണ്ട്.
എന്നാൽ നിയമപ്രകാരമാണ് നടപടിയെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. ജൂൺ മാസത്തിലാണ് ഹോർട്ടിവൈൻ വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ചത്. 86 ശതമാനം നികുതി ഘടനയോടെയാണ് ഈ തീരുമാനം നടപ്പിലാക്കിയത്. അതേസമയം ഉയർന്ന നികുതി നിരക്കിൽ ഇളവ് തേടി സംരംഭകരും രംഗത്തുവന്നിട്ടുണ്ട്.