Banner Ads

കേരളത്തിലേക്ക് ആദ്യമായി വിസ്റ്റാഡോം കോച്ച്: പുനലൂർ – സെങ്കോട്ട റൂട്ടിൽ പ്രകൃതിഭംഗി ആസ്വദിച്ച് ഇനി യാത്ര ചെയ്യാം

തിരുവനന്തപുരം : പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കണ്ടുള്ള യാത്രയ്ക്കായി കേരളത്തിലേക്ക് ആദ്യമായി എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവേ. സെങ്കോട്ട – പുനലൂർ ഗാട്ട് റൂട്ട് വഴി കടന്നുപോകുന്ന മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിലാണ് (16327/16328) ചരിത്രത്തിലാദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുന്നത്. പ്രശസ്തമായ ആര്യങ്കാവ് ചുരവും ഹരിതാഭമായ മലനിരകളും ഉൾപ്പെടെയുള്ള പ്രകൃതിക്കാഴ്ചകൾ അടുത്തറിഞ്ഞ് യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും.

മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര – ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെയും തിരിച്ച് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെയുമാണ് ഈ സേവനം താത്കാലികമായി ലഭ്യമാകുക.

വലിയ ഗ്ലാസ് ജനലുകളും തിരിക്കാവുന്ന സീറ്റുകളുമുള്ള ഈ ടൂറിസ്റ്റ് ഫ്രണ്ട്‌ലി കോച്ച് യാത്രക്കാർക്ക് പനോരമിക് കാഴ്ചാനുഭവം സമ്മാനിക്കും. ഒരു എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ചിന് പുറമെ 3-ടയർ എസി, സ്ലീപ്പർ, ജനറൽ കോച്ചുകളും ഈ ട്രെയിനിലുണ്ടാകും. EV ക്ലാസ് കോഡിന് കീഴിൽ വിസ്റ്റാഡോം കോച്ചിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

അടിസ്ഥാന നിരക്ക് 515 രൂപയിൽ തുടങ്ങുമെങ്കിലും റൂട്ടിലെ മുഴുവൻ ദൂരത്തേക്കുമുള്ള യാത്രയ്ക്ക് 1875 രൂപയാണ് നിരക്ക്. സീറ്റുകൾ വേഗത്തിൽ തീരുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ അധികൃതർ നിർദേശിച്ചു.