Banner Ads

നെടുമങ്ങാട് നഗരസഭയുടെ മിന്നൽ പരിശോധന: ഹോട്ടലുകളിൽ നിന്ന് പഴകിയ ഇറച്ചിയും മീനും പിടികൂടി

തിരുവനന്തപുരം : നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പത്തോളം ഹോട്ടലുകളിലാണ് ഒരേസമയം പരിശോധന നടന്നത്. പരിശോധനയിൽ പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായി സൂക്ഷിച്ച നിലയിലും പഴകിയതുമായ 80 കിലോയോളം ഇറച്ചിയും മീനും അധികൃതർ കണ്ടെത്തി.

അടുക്കളയിലെ ശുചിത്വം, ഭക്ഷണത്തിന്‍റെ ഗുണനിലവാരം, സുരക്ഷിത സംഭരണം എന്നിവ പരിശോധിച്ച ശേഷമാണ് നടപടി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15000 മുതൽ 25000 രൂപ വരെ പിഴ ചുമത്തി. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭ വ്യക്തമാക്കി.

തെറ്റ് ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ രാത്രികാലങ്ങളിൽ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി പ്രത്യേക നൈറ്റ് സ്ക്വാഡ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.