
കോഴിക്കോട് : പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യൂആർ കോഡ് ഉപയോഗിച്ച് യാത്രികരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ നവീൻ സിംഗ് ബധോരിയയെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ടോൾ കമ്പനി മാനേജരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ, കമ്പനിയുടെ ക്യൂആർ കോഡിന് പകരം പ്രതികൾ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലെ ക്യൂആർ കോഡ് സ്കാനർ കാണിച്ചുകൊടുത്താണ് പണം സ്വീകരിച്ചിരുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന തുക പ്രതികൾ പരസ്പരം വീതിച്ചെടുക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഏഴ് ലക്ഷത്തോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആകെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.