
പത്തനംതിട്ട : ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു. നിലവിൽ ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണയാണ് പ്ലാന്റിൽ നിർമ്മിക്കുന്നത്. ഈ മാസം 20ന് ശേഷം പ്രതിദിന ഉൽപ്പാദനം മൂന്നര ലക്ഷം ടിന്നുകളായി ഉയർത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഒരു മാസത്തോളമാണ് അരവണ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നത്. മണ്ഡല–മകരവിളക്ക് തീർത്ഥാടന കാലം അടുത്തെത്തിയിരിക്കെ പ്ലാന്റ് ദീർഘനാൾ അടച്ചിട്ടത് വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിരുന്നു. മാസപൂജ സമയത്ത് നടതുറന്നപ്പോൾ സന്നിധാനത്ത് വലിയ രീതിയിൽ അരവണ ക്ഷാമം അനുഭവപ്പെട്ടിരുന്നു.
ഇതിൽ ദേവസ്വം ബോർഡിന്റെ വീഴ്ചയെ വിമർശിച്ച് ദേവസ്വം മന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചാണ് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചത്. വരും ദിവസങ്ങളിൽ മണ്ഡലകാല ആവശ്യത്തിനായുള്ള അരവണയുടെ വൻ ശേഖരം തയ്യാറാക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.