
മെയ്ൻ: അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്ത് തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛന് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 37 കാരനായ റോബർട്ട് മക്കോയ് ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.2025 മെയ് മാസത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്.
റോബർട്ട് മക്കോയിയും നാലു വയസ്സുകാരനായ ജാസ്പർ സ്മിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത്, കുട്ടി വീടിനുള്ളിൽ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന ലോഡഡ് ആയ തോക്ക് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബെഡ്റൂമിൽ വെച്ച് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് റോബർട്ട് മക്കോയ്ക്ക് ആകെ 17 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
ഇതിൽ 9 വർഷം സസ്പെൻഡ് ചെയ്തു. ബാക്കി വരുന്ന 8 വർഷം തടവും തുടർന്ന് 6 വർഷത്തെ പ്രൊബേഷനും അദ്ദേഹം അനുഭവിക്കണം.പ്രൊബേഷൻ കാലയളവിൽ കർശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൻപ്രകാരം 6 വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപഴകാനോ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെക്കാനോ അദ്ദേഹത്തിന് കർശന അനുവാദമില്ല.
ശിക്ഷാവിധിക്കിടെ കുട്ടിയുടെ അമ്മ തന്റെ സങ്കടവും മകന്റെ വിയോഗത്തിലുള്ള കടുത്ത വേദനയും കോടതിയിൽ പങ്കുവെച്ചു. താൻ റോബർട്ടിനെ പൂർണ്ണമായി വിശ്വസിച്ചിരുന്നുവെന്നും അവർ കോടതിയിൽ പറഞ്ഞു. വിചാരണ വേളയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് “ഞാൻ നിങ്ങളെ എല്ലാവരെയും പരാജയപ്പെടുത്തി, എന്നോട് ക്ഷമിക്കുക” എന്ന് റോബർട്ട് മക്കോയ് മാപ്പ് അപേക്ഷിച്ചു. തനിക്കിപ്പോഴും ഈ ദുരന്തം ഓർത്ത് പേടിസ്വപ്നങ്ങളും കടുത്ത ഉത്കണ്ഠയും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.