
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇനിയും ശക്തമാകുന്നു. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുിലിറങ്ങി സമരം ചെയ്ത സി.ജെ.പി (CJP) ഒപ്പം എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ ഇടതു യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ നഗരം വീണ്ടും സംഘർഷഭരിതമായി.
കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. സമരത്തിനിടെ എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ആദർശിന്റെ നെറ്റി പൊട്ടിയാണ് പരിക്കേറ്റത്. കൂടാതെ, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ജോൺ ബ്രിട്ടാസ് എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അദ്ദേഹത്തെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും പിന്നീട് വഴിയിൽ ഇറക്കിവിടുകയും ചെയ്തു. പൊലീസ് വാഹനത്തിൽ വെച്ച് തനിക്ക് മർദ്ദനമേറ്റതായി ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ, പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് തടയാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ നാളെ മുതൽ കൂടുതൽ ശക്തമാക്കാൻ ‘ഇന്ത്യാ’ മുന്നണി തീരുമാനിച്ചു. സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം നൽകാനാണ് നിലവിലെ ആലോചന.
സി.ജെ.പിയുടെ നേതൃണ്ടായിരുന്ന സമരം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, പ്രതിഷേധത്തിൽ മേൽക്കോയ്മ നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സി.ജെ.പിക്കൊപ്പവും ഇന്ത്യാ മുന്നണിക്കൊപ്പവും പ്രതിഷേധ നിരയിൽ സജീവമായി ഉണ്ടാകുമെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.ആകാശവാണി ഭവൻ വളപ്പിലെ മിന്നൽ സമരം, ലഞ്ച് മീറ്റിംഗുകൾക്ക് ശേഷമുള്ള ജന്തർമന്തർ മാർച്ച്, രാജ്ഘട്ടിലെ പ്രാർത്ഥനാ യോഗം എന്നിവയ്ക്ക് ശേഷമാണ് പ്രതിപക്ഷം അടുത്ത ഘട്ട സമരത്തിലേക്ക് കടക്കുന്നത്.
നാളെ ഉച്ചയ്ക്ക് ഒന്നിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. തുടർന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇതിനകം രാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ടും സമാന ആവശ്യം ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.
അനുമതി ലഭിക്കുന്നതിൽ വ്യക്തതയില്ലെങ്കിലും ഡൽഹി നഗരം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പിന്നോട്ടില്ലെന്നും ഇതൊരു ‘രണ്ടാം സ്വാതന്ത്ര്യ സമരം’ ആണെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.