Banner Ads

24 മണിക്കൂറത്തെ കസ്റ്റഡിക്കൊടുവിൽ നാടകീയ തിരിവ്: സി.ജെ.പി നേതാക്കളെയും ധ്രുവ് റാഠിയെയും മോചിപ്പിച്ചു; ഉച്ചയ്ക്ക് 2-ന് തുടർസമരം പ്രഖ്യാപിക്കും

ന്യൂഡൽഹി: തലസ്ഥാനത്ത് നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായ സി.ജെ.പി (CJP) നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ മോചിപ്പിച്ചു. കസ്റ്റഡിയിലായി 24 മണിക്കൂറിന് ശേഷമാണ് കോടതി നിർദേശപ്രകാരം ഡൽഹി പൊലീസ് ഇവരെ വിട്ടയച്ചത്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നേതാക്കളെ, ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയോടെയും ജാമ്യവ്യവസ്ഥയിലുമാണ് വിട്ടയച്ചത്.

ഗുരുഗ്രാമിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെയും പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ വിട്ടയച്ചത്.കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സി.ജെ.പി രംഗത്തെത്തി. തങ്ങളെ വിട്ടയക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നുവെന്നും “കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ല” എന്നും പാർട്ടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കണ്ട് തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സി.ജെ.പി നേതാവ് അശുതോഷ് രംഗ അറിയിച്ചു.അതേസമയം, ഇന്നലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ഡൽഹി പൊലീസ് 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം കയ്യിലെടുക്കാൻ ശ്രമിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സുരക്ഷാ ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ, ഡൽഹി പൊലീസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി അഭിജിത് ദീപ്കെയുടെ കുടുംബം രംഗത്തെത്തി. മകനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും അമ്മ അനിത ദീപ്കെ പറഞ്ഞു. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞാൽ അഭിജിത് തിരിച്ചെത്തുമെന്നും സംസ്കാര ചടങ്ങുകൾ അവൻ വന്നതിന് ശേഷമേ നടത്തൂവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.