
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ (പി.എസ്.സി) രൂക്ഷ വിമർശനവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരീക്ഷയിൽ ആദ്യ റാങ്ക് നേടിയ ഉദ്യോഗാർത്ഥിയെ സംരക്ഷിക്കാനും അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചന മറച്ചുപിടിക്കാനും പി.എസ്.സി ബോധപൂർവമായ ശ്രമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ,ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപൻ എഴുതിയ പരീക്ഷാ പേപ്പറിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് കേവലം ക്ലറിക്കൽ വീഴ്ചയല്ല, മറിച്ച് പൂർണ്ണമായും ബോധപൂർവ്വമാണ്.
ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥിയായ ജയലാൽ 2025 ജൂൺ 11-ന് അപേക്ഷ നൽകിയിട്ടും, ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18-നാണ് പി.എസ്.സി മറുപടി നൽകിയത്. പരാതിക്കാരുടെ നിയമപരമായ അവകാശങ്ങൾ തടയാനും തെളിവുകൾ നശിപ്പിക്കാനുമാണ് ഈ ബോധപൂർവ്വമായ വൈകിപ്പിക്കൽ.അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിൽ മാത്രമേ നിയമനം റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമുള്ളൂ. ഈ നിയമപരമായ പരിമിതി മനസ്സിലാക്കി, കൃത്രിമമായി സമയം നീട്ടിക്കൊണ്ടുപോയി ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിച്ചത്.
കേസിൽ എഫ്.ഐ.ആർ റദ്ദാക്കാൻ പി.എസ്.സി കോടതിയെ സമീപിച്ചത് അതീവ ദുരൂഹമാണ്. പി.എസ്.സി ചെയർമാനും മറ്റ് അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കുന്നു.പരീക്ഷാ ക്രമക്കേടിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകുന്നത്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കാം.