Banner Ads

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നൽ; വീട്ടമ്മയ്ക്ക് പരിക്കേറ്റു, വ്യാപക നാശനഷ്ടം

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേൽക്കുകയും നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5:30ഓടെയായിരുന്നു ശക്തമായ മഴയും ഇടിമിന്നലുണ്ടായത്.
– അടുക്കളയിൽ പാൽപാത്രം എടുക്കാനായി പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീതയ്ക്ക് (60) പരിക്കേറ്റത്.

വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
– മിന്നലിന്റെ ആഘാതത്തിൽ വീടുകളുടെ ചുമരുകൾ തകരുകയും, ഭൂമി കുഴിഞ്ഞ് ഗർത്തം ഉണ്ടായതായി പ്രദേശവാസികൾ പറയുകയും ചെയ്തു.
– വീടുകളിലെ വയറിംഗും മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു.

മോട്ടോറുകൾ, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കേടായി.അപകടത്തെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചാൽ മാത്രമേ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സംഭവിച്ച കൂടുതൽ നഷ്ടങ്ങൾ കണക്കാക്കാൻ സാധിക്കൂ. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ്‌കുമാർ എന്നിവർ സന്ദർശിച്ചു.