
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം പരാജയം സമ്മതിച്ചെന്നും മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന ഗതാഗത-മെട്രോ നിയന്ത്രണങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.”നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ദില്ലി മെട്രോയും റോഡുകളും അടച്ചുപൂട്ടി പ്രതിഷേധങ്ങളെ നേരിടാൻ ശ്രമിക്കുന്നത്. രാജ്യത്തെ യുവാക്കളെ ഇത്രയധികം ഭയപ്പെടുന്നുവെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത്?”കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രിയെയും ലക്ഷ്യമിട്ട് സംസാരിച്ച അദ്ദേഹം, സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണോ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് ചോദിച്ചു.
സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ കേന്ദ്രത്തിന് അത്ര പ്രിയപ്പെട്ടവനാണോ എന്നും അദ്ദേഹം ചോദ്യമുയർത്തി.ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ശേഷം തനിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും വോട്ട് ലഭിക്കില്ലെന്നും ഭയന്നാണ് മോദി ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾക്ക് മുതിരുന്നതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ ദീപ്കെ കൂട്ടിച്ചേർത്തു.