
റിയാദ്: നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കാൻ ജാഗ്രത പുലർത്തണമെന്നും, ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ കർശന വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി.
അതേസമയം, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് (VFS) വഴിയുള്ള സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തുടർ നിർദ്ദേശങ്ങളും വിവരങ്ങളും പുറപ്പെടുവിക്കുമെന്നും എംബസി അറിയിച്ചു.