
കോഴിക്കോട്: വെള്ളയിൽ കോന്നാട് ബീച്ചിൽ രാത്രി വൈകി പടക്കം പൊട്ടിച്ചു പിറന്നാൾ ആഘോഷിച്ച അഞ്ച് പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30-ഓടെ ബീച്ചിലെത്തി വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ച യുവാക്കളുടെ സംഘത്തിനെതിരെയാണ് നടപടി. പ്രദേശത്ത് ഇത്തരം ആഘോഷങ്ങൾ പതിവാകുന്നതിനെതിരെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബീച്ചിൽ പിറന്നാൾ ആഘോഷത്തിനെത്തുന്ന യുവാക്കൾ രാത്രി 12 മണി മുതൽ പുലർച്ചെ 2 മണി വരെ നിർത്താതെ പടക്കം പൊട്ടിക്കുന്നത് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ തടസ്സമില്ലാതെ ഉറങ്ങാൻ സാധിക്കുന്നില്ലെന്നും, പ്രധാനമായും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഈ കോലാഹലം വലിയ പ്രയാസമുണ്ടാക്കുന്നുവെന്നുമാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.