
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഫലമാണെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആരോപണം പൂർണ്ണമായി തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് നേടിയത് വൻ തരംഗത്തിന്റെ ഫലമായുള്ള വിജയമാണെന്നും എസ്ഐആർ അട്ടിമറിയെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
എസ്ഐആർ വഴിയാണ് വിജയമെങ്കിൽ, അതില്ലാതെ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ എങ്ങനെ സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മൂന്ന് സീറ്റുകളിൽ ബിജെപി ജയിക്കാൻ ഇടയായത് എങ്ങനെയെന്ന് സിജെപി തന്നെ വ്യക്തമാക്കണം. ആരോപണങ്ങൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബിആർഎം ഷെഫീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിഷയത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കെപിസിസിയും സർക്കാരും തമ്മിൽ എക്കാലത്തും ഏകോപനം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്മാർട്ട് മീറ്റർ തർക്കവുമായി ബന്ധപ്പെട്ട് മീറ്റർ റീഡർമാർ ഇപ്പോൾ സമരം ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വിഷയം ചർച്ച ചെയ്യാൻ വൈകിട്ട് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.