
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ഉപയോഗത്തിനായുള്ള ഹെലികോപ്റ്ററിന്റെ വാടകക്കരാർ ഇനി പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇക്കാര്യം സർക്കാർ ലോകായുക്തയെ ഔദ്യോഗികമായി അറിയിച്ചു. ഹെലികോപ്റ്റർ വാടകക്കെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹരജികൾ പരിഗണിക്കവെയാണ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കെ.എം. ഷാജഹാൻ നൽകിയ ഹരജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് (ഡി.ജി.പി) സർക്കാറിനു വേണ്ടി ലോകായുക്തയിൽ വിശദീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര നടത്തിയത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ലെന്നും ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹരജിയിൽ മേൽ തുടർന്നുള്ള വാദം കേൾക്കൽ നവംബർ മൂന്നിലേക്ക് മാറ്റി വച്ചിട്ടുണ്ട്.
അതേസമയം, ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിലവിലുണ്ടായിരുന്ന മറ്റൊരു ഹരജി ലോകായുക്ത തള്ളുകയും ചെയ്തു.