
സോഫിയ: നാറ്റോ സഖ്യരാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരു കപ്പൽ പൂർണമായി മുങ്ങുകയും ജീവനക്കാരെ കാണാതാവുകയും ചെയ്തു. കിഴക്കൻ ബൾഗേറിയയിലെ ബയാല തീരത്തുനിന്ന് 112 കിലോമീറ്റർ അകലെ ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് പ്രതികരിച്ചു.
ആകാശത്തുനിന്നും കടൽമാർഗ്ഗവും ഒരുപോലെ ഡ്രോൺ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് മാരിടൈം സെക്യൂരിറ്റി കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ബൾഗേറിയൻ കടൽ അതിർത്തിക്കുള്ളിൽ നടക്കുന്ന ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.ആക്രമണത്തിൽ രണ്ട് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡിന്റെ റിപ്പോർട്ട് പ്രകാരം ടോഗോയുടെ പതാകയേന്തിയ ‘അൽഫ വട്ടാൻ’, പലാവുവിന്റെ പതാകയേന്തിയ ‘ഏബിൾ’ എന്നീ ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.ധാന്യങ്ങൾ കൊണ്ടുപോയിരുന്ന ഈ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ പൂർണമായും മുങ്ങിപ്പോയി. ഇതിലുണ്ടായിരുന്ന ചരക്ക് ഏതാണെന്ന് വ്യക്തമായിട്ടില്ല. കാണാതായ ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്.കപ്പൽ മുങ്ങിയതിനെ തുടർന്ന് ഇന്ധനച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നും അധികൃതർ പരിശോധിച്ചുവരുന്നു. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.