
എറണാകുളം : എറണാകുളത്ത് സംസ്ഥാന ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. മൈൻഡ് കണ്ണൻ എന്നറിയപ്പെടുന്ന കൊച്ചി തോപ്പുംപടി സ്വദേശി വിഷ്ണു കണ്ണനെ (37) ആണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ ചേർത്തല പൂച്ചാക്കൽ സ്വദേശി മാഹിൻ, ഇയാളുടെ സുഹൃത്ത് നവാസ് എന്നിവർക്ക് നേരെയാണ് ഓഫീസിൽ വെച്ച് ആക്രമണമുണ്ടായത്. മാഹിൻ നൽകിയ പരാതിയെ തുടർന്ന് ഒക്ടോബർ 5ന് സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒ മാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.