
തൃശ്ശൂർ : സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള പ്രിയദർശിനി പദ്ധതി കാരണം ബസുടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ്ജ് പുതുക്കി നിശ്ചയിക്കുക.
ഒക്ടോബർ അവസാന വാരത്തിനുള്ളിൽ സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർന്നും നടപടികളൊന്നുമില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്തുടനീളം സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് പണിമുടക്കിലേക്ക് നീങ്ങും.
പണിമുടക്കിലേക്ക് കടന്നാൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം പൂർണ്ണമായും സ്തംഭിക്കാനും പൊതുജനങ്ങൾക്ക് കടുത്ത യാത്രാദുരിതം സൃഷ്ടിക്കാനും സാധ്യതയുണ്ട്.