
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രമാണിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (06/10/2026) ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വെള്ളിയാഴ്ച (09/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (07/10/2026) മഴയുടെ ശക്തി കുറയുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്നാണ് പ്രവചനം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് (06/10/2026) വൈകുന്നേരം 5.30 മുതൽ നാളെ (07/10/2026) രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.
കന്യാകുമാരി തീരത്ത് നാളെ (07/10/2026) രാത്രി 8.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക.
തിരമാല ശക്തമാകുമ്പോൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ ഈ സമയത്ത് രണ്ട് പ്രവൃത്തികളും ഒഴിവാക്കണം. ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒഴിവാക്കുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തുക.