Banner Ads

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു; ഭീതിയിൽ തോട്ടം തൊഴിലാളികളും നാട്ടുകാരും

തൃശൂർ : പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭാഗികമായി ഭക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർച്ചയായി കാടിറങ്ങുന്ന പുലികൾ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറെ വളർത്തുമൃഗങ്ങളെയാണ് പാലപ്പിള്ളിയിൽ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. മുമ്പ് പുലിയിറങ്ങിയ സ്ഥലങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടായത്. പാലപ്പിള്ളിയിൽ കാട്ടാന ശല്യവും അതീവ രൂക്ഷമാണ്.

തോട്ടം തൊഴിലാളികളും റബ്ബർ ടാപ്പിംഗ് തൊഴിലാളികളും ജീവൻ പണയം വെച്ചാണ് ദിനംപ്രതി ജോലിക്ക് പോകുന്നത്. വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് വലിയ ആക്ഷേപമുണ്ട്. ഭീതി പരത്തുന്ന പുലിയെ എത്രയും വേഗം പിടികൂടാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.