
തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയിൽ ചുവർ തുരന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും പൊലീസ് പിടിയിലായി. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പും വീട്ടിൽ അബ്ദുൾ നാസർ (59) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജൂലൈ 30-ന് പുലർച്ചെയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
നായരങ്ങാടിയിലുള്ള പാലത്തിങ്കൽ ജ്വല്ലറിയുടെ പിൻവശത്തെ ചുവർ തുരന്ന് അകത്തു കടന്ന മോഷ്ടാക്കൾ, ലോക്കർ തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങുകയായിരുന്നു. തുടർന്ന് ഇവർ മോഷണശ്രമം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈൽ, നൗഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ രണ്ടാം പ്രതിയായ അബ്ദുൾ നാസർ കൃത്യത്തിനുശേഷം ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. അവിടെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.