
ദില്ലി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹർജികളിലെ ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6ൽ മാറ്റം വരുത്താൻ കോടതി അനുമതി നൽകിയിരുന്നുവെന്ന ഗ്യാനേഷിന്റെ വാദം സുപ്രീം കോടതി തള്ളി. ഫോം 6ലെ മാറ്റത്തിന് കോടതി അനുമതി നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി പരിശോധിക്കും. കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായ ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. എസ്ഐആർ മരവിപ്പിക്കണമെന്ന ആവശ്യവും കോടതി കേൾക്കുമെന്ന് വ്യക്തമാക്കി.