
പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കൈതാരം സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നും കേരളം വിട്ടതായും പൊലീസ് അറിയിച്ചു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ നേരിൽ കണ്ടിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഇയാൾ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ മാസമാണ് കൈതാരം നോർത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയത്. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.നേരത്തെയും പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും, ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി മേഖലകളിലുമുള്ള ട്രാൻസ്ഫോമറുകളിൽനിന്ന് സമാനരീതിയിൽ ഫ്യൂസ് ഊരിയിരുന്നു.
ഇതിനെ തുടർന്ന് മണിക്കൂറുകളോളമാണ് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയത്.കൈതാരം സ്വദേശിയായ പ്രതിക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സിപിഎമ്മാണെന്ന തരത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണം ഇതോടെ പൊളിഞ്ഞതായി സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ പറഞ്ഞു.എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തിക്ക് കോൺഗ്രസ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്. റെജി വ്യക്തമാക്കി.