
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന് കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് പ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് (SP) ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിലാണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രദർശനം ഉറപ്പാക്കിയത്.
ചിന്നസേലം താലൂക്കിലെ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗങ്ങൾക്ക് വർഷങ്ങളായി പ്രബല ജാതിക്കാർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, ദളിത് ജനവിഭാഗങ്ങൾ ഒന്നടങ്കം ക്ഷേത്രദർശനത്തിനായി എത്താൻ തീരുമാനിച്ചതോടെ ഒരു വിഭാഗം ആളുകൾ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ക്ഷേത്രം പൂട്ടിയിടുകയും ചെയ്തു. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ് എസ്.പി ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ചർച്ചകൾ നടത്തിയെങ്കിലും ദളിതരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.നിയമപരമായ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിലപാടെടുത്ത എസ്.പി, ചർച്ചകൾ വഴിപ്പെടാതെ വന്നതോടെ ക്ഷേത്രത്തിന്റെ പൂട്ടുപൊളിക്കാൻ ഉത്തരവിട്ടു.പോലീസിന്റെ കർശന നിലപാടിനെ തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതമായി ക്ഷേത്രത്തിനുള്ളിൽ കടക്കാനും പ്രാർത്ഥന നടത്താനും സൗകര്യമൊരുങ്ങി.