
ദില്ലി : ഫ്ലൈദുബായ് വിമാനത്തിൽ ഭീകരനീക്കം തടഞ്ഞ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ അഭിനന്ദിക്കാൻ തയാറാകാത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ ബിജെപി വീണ്ടും രംഗത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് ഭീകരതയെ അനുകൂലിക്കുന്ന അടവുനയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി സംസാരിക്കുകയും ദുബായ് കിരീടാവകാശി നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കോൺഗ്രസിലെ കുടുംബത്തിൽ നിന്ന് ആരും തന്നെ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ബട്ല ഹൗസ് ഏറ്റുമുട്ടൽ സമയത്ത് കണ്ണീരൊഴുക്കിയ സോണിയ ഗാന്ധിയും ഗാസ വിഷയത്തിൽ നിരന്തരം സംസാരിക്കുന്ന രാഹുൽ ഗാന്ധിയും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ബിജെപി ചോദിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരും അതിനെ ചെറുക്കുന്നവരും തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് നിലവിൽ രാജ്യത്ത് നടക്കുന്നതെന്നും സുധാൻഷു ത്രിവേദി കൂട്ടിച്ചേർത്തു.