Banner Ads

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: അഞ്ച് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഒക്ടോബർ 4ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ 5ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒക്ടോബർ 2, 3ന് (ഇന്നും നാളെയും) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഒക്ടോബർ 4 മുതൽ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/10/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.