
നെടുമ്പാശ്ശേരി : വീട്ടിനുള്ളിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ രണ്ടര പവന്റെ സ്വർണമാല കവർന്ന ശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു. തുരുത്തിശേരി കൊല്ലേരിത്തറയിൽ സുകന്യയുടെ (78) മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.
ഈ സമയത്ത് വീടിനുള്ളിൽ ഒളിച്ചിരുന്ന മോഷ്ടാവ് സുകന്യയെ തടഞ്ഞുനിർത്തി കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് മോഷണം പതിവായിട്ടും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയാറായതെന്നും പ്രദേശവാസികൾ പറഞ്ഞു. കവർച്ചയും മോഷണങ്ങളും തടയുന്നതിനായി പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.