
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുകളുടെ റീ ടെൻഡറിന് അംഗീകാരം നൽകി. നടപടികൾ വൈകിയതിൽ വിമർശനം ഉയർന്നതോടെയാണ് തീരുമാനം വേഗത്തിലാക്കിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് പുതിയ മരുന്നുകൾക്കായുള്ള പർച്ചേസ് ഓർഡർ നൽകുന്നത് വൈകാൻ കാരണമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് പർച്ചേസ് ഓർഡർ പൂർത്തിയായത്. ലഭ്യമാകാത്ത മരുന്നുകൾക്കായി വീണ്ടും ടെൻഡർ വിളിച്ചിരുന്നെങ്കിലും തുടർനടപടികൾ കോർപ്പറേഷൻ നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെയാണ് റീ ടെൻഡറിന് അടിയന്തര അംഗീകാരം നൽകിയത്. രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്ന് ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും തീരുമാനമായിട്ടില്ല. വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കുന്നതിനായി ധനവകുപ്പിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.