Banner Ads

ഒഴിവായ വോട്ടർമാരെ തിരികെ ചേർക്കണം; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം

ദില്ലി : പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾ പൂർത്തിയായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്താൻ നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹരായ ഒരു വോട്ടറെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന ഇലക്ടറൽ ഓഫീസർമാർക്ക് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

പഴയ വോട്ടർപട്ടികയും പുതിയതും തമ്മിൽ താരതമ്യം ചെയ്ത് ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തണം. ലിസ്റ്റിൽ നിന്ന് പുറത്തായവരുടെ വീടുകളിലെത്തി ഫോം 6 വഴി അപേക്ഷ നൽകി അവരെ വീണ്ടും വോട്ടർപട്ടികയിൽ ചേർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ നിലവിലുള്ള പഴയ ഫോം 6 തന്നെ അപേക്ഷയ്ക്കായി ഉപയോഗിക്കാം.

നിലവിൽ എസ്ഐആർ പുരോഗമിക്കുന്ന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുതെന്നും കേവലം സംശയത്തിന്റെ പേരിൽ മാത്രം ആരെയും നീക്കം ചെയ്യരുതെന്നും നിർദേശമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി ചൊവ്വാഴ്ച നടത്താനിരുന്ന സുപ്രീംകോടതി സന്ദർശനം മാറ്റിവെച്ചു. സന്ദർശനത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും.