
ദില്ലി : അഹിംസയെ ആയുധമാക്കി മാറ്റി ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തെ അടിയറവ് പറയിച്ച മഹാത്മാ ഗാന്ധിയുടെ 157-ാം ജന്മവാർഷികദിനമാണ് ഇന്ന്. മഹാത്മാവിനോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകമെമ്പാടും ആചരിക്കുകയാണ്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ലളിതവും എന്നാൽ ശക്തവുമായ പ്രഖ്യാപനം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന ധീരതയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ലോകം ആദരിക്കുന്ന മഹാത്മാവ് ആക്കി മാറ്റിയത്. ലോകമെമ്പാടും സംഘർഷങ്ങളും അസഹിഷ്ണുതയും വർദ്ധിച്ചുവരുന്ന പുതിയ കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾക്കും അഹിംസാമാർഗ്ഗങ്ങൾക്കും പ്രസക്തിയേറി വരികയാണ്.
രാജ്ഘട്ടിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനായോഗങ്ങൾക്ക് പുറമേ രാജ്യത്തുടനീളം വിവിധ സ്മരണാപരിപാടികളും ശുചിത്വ പ്രചാരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.