Banner Ads

അധിക സുരക്ഷയും വാഹനങ്ങളും വേണ്ട; ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം : അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് കടുത്ത അതൃപ്തി വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിൽ ഒരു പോലീസ് ജീപ്പ് കൂടി അധികമായി കണ്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

കാറിൽ നിന്നിറങ്ങിയ ഉടൻ ഡിസിപിയെ വിളിച്ചുവരുത്തി അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക യാത്രകൾക്കായി കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും തനിക്ക് അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ തന്നെ യാത്രാസുരക്ഷയിൽ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ വാഹനവ്യൂഹങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒഴിവാക്കണമെന്നും യാത്രയ്ക്കിടെ റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നുമായിരുന്നു പോലീസിന് നൽകിയ നിർദേശം.

എസ്കോർട്ട് വാഹനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി  ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.