
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച നേട്ടം. 18 സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫ് 19 സീറ്റുകളിലാണ് ജയം കണ്ടത്. കഴിഞ്ഞ തവണ 22 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ സീറ്റുകളുടെ എണ്ണം കുറഞ്ഞു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഒരു സീറ്റിൽ വിജയിച്ചു. കൂടാതെ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്വന്റി-20 സഖ്യം പൂത്തൃക്ക പഞ്ചായത്തിൽ വിജയം നേടി.
വി.ഡി. സതീശൻ സർക്കാരിന്റെ ഭരണകാലത്ത് നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ മത്സരഫലം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കോട്ടയം തൃക്കൊടിത്താനം ഡിവിഷനിൽ എൽ.ഡി.എഫിലെ മഞ്ജു സുജിത്ത് ഉജ്ജ്വല വിജയം നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് തോമസ് മാരേട്ടിനെ 2,140 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മഞ്ജു സുജിത്ത് സീറ്റ് തിരികെ പിടിച്ചത്.
കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽ.ഡി.എഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കി.ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫ് വിജയം സ്വന്തമാക്കി.ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എം.എൽ.എ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി വിവാദങ്ങൾ നിലനിന്നിരുന്ന ഇവിടെ വിജയം നേടിയത് എൽ.ഡി.എഫിന് വൻ നേട്ടമായി.