
തൃശൂർ: ആവശ്യമായി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. തൃശൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ബിനു ചുള്ളിയിൽ നിലപാട് വ്യക്തമാക്കിയത്. അമിത് ഷായ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിന് മറുപടിയായി സംസ്ഥാന മന്ത്രിമാർക്കെതിരെ യുവമോർച്ച നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി വീശിയത്.
വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കരിങ്കൊടി കാണിക്കും.കഴിഞ്ഞ 10 വർഷത്തിനിടെ പിണറായി സർക്കാരിലെ ഒരു മന്ത്രിക്കെതിരെ പോലും യുവമോർച്ച പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. എന്തിനാണ് ഇപ്പോൾ സംസ്ഥാന മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിക്കുന്നതെന്ന് യുവമോർച്ചയ്ക്കുപോലും അറിയില്ല.മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമ ഇടയിൽ അതൃപ്തിയുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണ്. അങ്ങനെ ഒരു നിലപാട് ആരും പരസ്യമായി പറഞ്ഞിട്ടില്ലെന്നും ബിനു ചുള്ളിയിൽ ചൂണ്ടിക്കാട്ടി.
കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും യുവമോർച്ചയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.കോഴിക്കോട് ജില്ലയിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനവ്യൂഹത്തിന് നേരെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ വെച്ച് യുവമോർച്ച കരിങ്കൊടി കാണിച്ചു.തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എം.പിക്ക് നേരെ കരിങ്കൊടി വീശി. കൊല്ലം നീണ്ടകരയിൽ വെച്ച് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ വാഹനത്തിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.