
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ജീർണ്ണിച്ച നേതാവാണെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തിൽ സംസാരിക്കവെ പിണറായി വിജയൻ വ്യക്തമാക്കി. സുധാകരനെക്കുറിച്ച് കൂടുതൽ സംസാരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന് സ്ഥാനവും അവസരവും നൽകേണ്ടതില്ലെന്നും, അദ്ദേഹത്തിന്റേത് പൂർണ്ണമായും അവസാനിച്ച വിഷയമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാർട്ടി തിരുത്തൽ രേഖ അടങ്ങിയ മാർഗ്ഗരേഖ യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. എം.വി. ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. ആലപ്പുഴയിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംഘടനാരേഖയിൽ വ്യക്തമാക്കുന്നു. സാമുദായിക സംഘടനകളോട് പാർട്ടി അകലം പാലിച്ചതാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.എസ്എൻഡിപി, കെപിഎംഎസ് സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും ഇവരെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
എന്നാൽ എസ്എൻഡിപിയെ ഒപ്പം നിർത്തണമെന്ന് റിപ്പോർട്ടിൽ പറയുമ്പോഴും വെള്ളാപ്പള്ളി നടേശന്റെ പേര് പരാമർശിച്ചിട്ടില്ല.അമ്പലപ്പുഴയിലെ തോൽവി ഗൗരവതരമാണ്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിൽ നിലനിൽക്കുന്ന വിഭാഗീയത അടിയന്തരമായി പരിഹരിക്കാൻ നിർദേശമുണ്ട്.ജില്ലയിലെ സഹകരണ ബാങ്കുകളിലുണ്ടാകുന്ന മോശം പ്രവണതകൾ സാധാരണക്കാരെ പാർട്ടിയിൽ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു.
ജില്ലാ സെക്രട്ടറി ആർ. നാസർ സംഘടനാരേഖ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.